Monday, February 1, 2010

അശ്രദ്ധ

Original BRF Post

അച്യുത വാര്യര്‍ മുറുക്കാന്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. വെറും സാധാരണ വെറ്റിലടക്കയല്ലാ കുഞ്ഞുണ്ണി മേനോന്റെ ചെല്ലത്തില്‍. വെട്ടത്തു കൊട്ടാരത്തിലെ വെറ്റിലമറേത്തിന്‌ ഒട്ടും കുറവല്ല ഇവിടത്തെ വട്ടങ്ങളും. അടുത്തിടെ കാശ്മീര ദേശത്തുനിന്നും വെട്ടത്തേക്ക് അയച്ച കുങ്കുമപ്പൂവില്‍ പാതിയോളം അറക്കലേക്ക് എത്തി എന്നും കേള്‍ക്കുന്നു.

"അച്യുതാ, രാമുണ്ണിയ്ക്കും ഒന്നെടുത്തോളൂ". ചുരുട്ടിയ മുറുക്കാന്‌ കൈ നീട്ടിക്കൊണ്ട് കുഞ്ഞുണ്ണി മേനോന്‍ കല്‍പ്പിച്ചു. തമ്പുരാക്കന്മാരുടെ ശൈലിയില്‍ പേരു വിളിക്കുന്നത് ഇപ്പോഴേ ശീലമായിരിക്കുന്നു, മേനോന്‌.

"ചെറിയ യജമാനന്‌ കഞ്ചാവ് ചേര്‍ക്കണോ ആവോ!". കവളപ്പാറ മൂപ്പിലിനെ, അങ്ങിനെയാണ്‌ സ്ഥാനപ്പേര്, കണ്ടു വന്നതിനു ശേഷം കുഞ്ഞുണ്ണി മേനോന്‌ 'പച്ചമരുന്ന്' ചേര്‍ത്ത മുറുക്കാന്‍ ശീലമായിട്ടുണ്ട്. ജാതിയില്‍ നായരാണ്‌ കവളപ്പാറയിലെ രാജാവ്. അതു തന്നെ കുഞ്ഞുണ്ണി മേനോനെപ്പോലെയുള്ളവര്‍ക്ക് അങ്ങോട്ടുള്ള സ്ഥായിക്ക് പ്രധാന കാരണവും. തന്റെ രാജ്യത്ത് ധാരാളമായി വിളയുന്ന 'മരുന്ന്' സമ്മാനിക്കാന്‍ മൂപ്പിലിന്‌ മടിയും തോന്നേണ്ട കാരണവും ഉണ്ടായിരുന്നില്ല.

"വേണ്ട. കുട്ടികള്‍ക്ക് അത് നന്നല്ല." കുഞ്ഞുണ്ണിമേനോന്‍ പൊട്ടിച്ചിരിച്ചു. ഒരു പുഞ്ചിരികൊണ്ട്, വേണ്ട ബഹുമാനത്തോടെ ആ ഫലിതം സ്വീകരിച്ച്, അച്യുത വാര്യര്‍ മുറുക്കാന്‍ ഉണ്ടാക്കുന്നതില്‍ മുഴുകി.

മുകളിലേക്ക് കയറുന്ന കോണിപ്പടിയില്‍ കാലൊച്ച കേട്ടു. വാതില്‍ ഒന്നനങ്ങി. കാരണവരെ ബഹുമാന പുരസ്സരം രാമുണ്ണി മേനോന്‍ മുഖം കാണിച്ചു.

"ആരാ? രാമുണ്ണിയോ? വര്വാ.. വര്വാ.." ഒരു നിറഞ്ഞ ചിരിയോടെ കുഞ്ഞുണ്ണി മേനോന്‍ ആ ചെറുപ്പക്കാരനെ സ്വാഗതം ചെയ്തു. "ഞാന്‍ അകത്തേടം മന വരെ പോയിരുന്നു. ജാതവേദന്‍ തിരുമേനി കിടപ്പിലാണ്‌. രാമുണ്ണി അറിഞ്ഞില്ലേ?"

"അറിഞ്ഞു. ദീനം എങ്ങ്നെയുണ്ടാവോ?" അകത്തു വരുന്നതിനിടെ രാമുണ്ണി ചോദിച്ചു.

"ഇരിക്ക്യാ.. ഇരിക്ക്യാ.., ഒന്നു മുറുക്കാം". പത്തായപ്പെട്ടിമേല്‍ വിരിച്ചിരുന്ന മെത്തപ്പായ ചൂണ്ടി കുഞ്ഞുണ്ണി മേനോന്‍ ക്ഷണിച്ചു. ബഹുമാനത്തോടെ രാമുണ്ണി മേനോന്‍ അനുസരിച്ചു. അച്യുത വാര്യര്‍ കൊടുത്ത മുറുക്കാന്‍ വാങ്ങിയെങ്കിലും, കയ്യില്‍ തന്നെ വെച്ചു.

"ദീനം വിഷമം തന്നെ." കുഞ്ഞുണ്ണി മേനോന്‍ തുടര്‍ന്നു. "നാളെ കഴിയില്ലാ എന്നാണ്‌ കൃഷ്ണ വാര്യര്‍ പറഞ്ഞത്. വൈദ്യന്‍ കൃഷ്ണവാര്യരെ അറിയില്ലേ? ചെറുപുള്ളി കൃഷ്ണവാര്യര്‍. ആലത്തിയൂര്‍ നമ്പിയുടെ ശിഷ്യന്‍!".

"അറിയാം. 'വിദ്രധി' ചികില്‍സയില്‍ അതി കേമനല്ലേ? ചെറിയ തമ്പുരാനെ ചികില്‍സിക്കാന്‍ അദ്ദേഹത്തെ കൊട്ടാരത്തില്‍ കൂട്ടിക്കൊണ്ട് വന്നത് അമ്മാവനല്ലേ?

"അതു തന്നെ. മൂസാമ്പൂരിക്ക് അന്തര്‍ വിദ്രധി ആണെന്നാണ്‌ വാര്യരുടെ അഭിപ്രായം. അടുത്തു തന്നെ പൊട്ടും. പിന്നെ.." മേനോന്‍ വാക്കു മുഴുമിക്കാതെ മുകളിലേക്ക് ഒരാംഗ്യം കാട്ടി.

രാമുണ്ണി മറുപടി ഒന്നും പറഞ്ഞില്ല. പകരം ഒരു പ്രതിമ പോലെ നിന്നിരുന്ന അച്യുത വാര്യരുടെ നേരെയും അതു കഴിഞ്ഞ് കുഞ്ഞുണ്ണി മേനോന്റെ നേരെയും ഒന്നു നോക്കി.

"അച്യുതന്‍ പൊയ്ക്കോളൂ. വാതിലിനു പുറത്ത് പാറാവ് നില്ക്കയും വേണ്ടാ." കുഞ്ഞുണ്ണി മേനോന്‍ കല്‍പ്പിച്ചു. അച്യുത വാര്യര്‍ തൊഴുതു വിടവാങ്ങി.

രാമുണ്ണിയോടായി, "ഈയിടെയായി അച്യുതന് കുറച്ച് നോട്ടം കൂടുതലാണ്." രാമുണ്ണി മേനോന്‍ തലയാട്ടി. വാര്യരുടെ കാലൊച്ച കോണിച്ചുവട്ടില്‍ എത്തുന്നതു വരെ കാത്തിരുന്നിട്ട്, പതുക്കെ എഴുന്നേറ്റ് പറമ്പിലേക്ക് തുറക്കുന്ന ജനാലയ്ക്കല്‍ പോയി ഒരു അഞ്ചു വിനാഴികയോളം പുറത്തെ ഇരുട്ടിലേക്കുതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നു.

"എന്താ രാമുണ്ണീ? അവിടെ ആരെങ്കിലും ഉണ്ടോ?" കുഞ്ഞുണ്ണി മേനോന്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.

"അതാണ് നോക്കിയത്. കാലം വല്ലാത്തതല്ലേ?" പറമ്പില്‍ നിന്ന് കണ്ണെടുക്കാതെ രാമുണ്ണി മേനോന്‍ പ്രതിവചിച്ചു.

"ചാര പ്രമുഖനായതിനു ശേഷം, നിനക്ക് എല്ലാം സംശയം തന്നെ, രാമുണ്ണീ" രാമുണ്ണി മേനോനു മാത്രം കിട്ടാറുള്ള പിതൃനിര്‍വിശേഷമായ പുഞ്ചിരിയോടെ കുഞ്ഞുണ്ണി മേനോന്‍ പറഞ്ഞു.

"സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട." രാമുണ്ണി മേനോന്‍ ജനാലയ്ക്കല്‍ നിന്നു പിന്തിരിഞ്ഞു. "പുറംപണിക്കാരുടെ ഇടയില്‍ ഒരു പുതിയ മുഖം കണ്ടതുപോലെ തോന്നി."

"പുതിയ ആരാ? കാണുമായിരിക്കും. അതെല്ലാം രാമനാണ് നോട്ടം." കുഞ്ഞുണ്ണി മേനോന്‍ വലിയ താല്‍പര്യമില്ലാതെ യാണ് പറഞ്ഞത്.

പുറത്ത് പറമ്പില്‍ തറയില്‍ പദ്മാസനത്തില്‍ ഇരുന്നിരുന്ന രൂപം ഒന്നു നടുങ്ങി.

No comments:

Post a Comment