Wednesday, February 17, 2010

മര്‍മ്മക്കുത്ത്

Original post at BRF

ജ്വലിക്കുന്ന പന്തങ്ങളുടെയും വിളക്കുകളുടെയും പ്രകാശം നിലാവിനെ പറമ്പിന്റെ അതിരിലേക്ക് നീക്കി. കോലായമേല്‍ ഒരു പായയില്‍ ചലനമറ്റ രാമുണ്ണി മേനോന്റെ ശരീരം കിടന്നിരുന്നു. ആരോ തലയ്ക്കല്‍ ഇരുന്ന് തുരുതുരെ വീശുന്നു. പകുതി ഒഴിഞ്ഞ ഒരു കിണ്ടി അടുത്തിരിപ്പുണ്ട്. പായയും ശരീരവും നനഞ്ഞും കാണുന്നു.

"വെള്ളം തളിച്ചിട്ടും അനക്കമില്ലാലോ! അതന്നെ നല്ല ലക്ഷണമല്ല." വീശിക്കൊണ്ടിരുന്ന ശങ്കു മേനോന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

"ശ്വാസം നേരേതന്നെയാണ്. നാഡിയ്ക്ക് ബലം കാണുന്നില്ല. ബോധക്കേടല്ലാണ്ടെ മറ്റൊന്ന്വല്ല." കൃഷ്ണന്‍ എമ്പ്രാന്തിരി പറഞ്ഞു. താന്‍ കൃഷ്ണവാര്യരുടെ അടുത്ത് കുറേ വൈദ്യം പഠിച്ചിട്ടുണ്ടെന്ന് വീമ്പിളക്കുന്നത് എമ്പ്രാന്തിരിക്ക് പതിവാണ്.

"എമ്പ്രാന്തിരിക്ക് ഒന്നും ചെയ്യാന്‍ വെയ്ക്കില്യേ?" രാമന്‍ നായര്‍ ചോദിച്ചു.

"അതിന് മരുന്നുപെട്ടി കയ്യിലില്യാലോ" എമ്പ്രാന്തിരി സങ്കടപ്പെട്ടു

"ധൃതിപ്പെട്ട് പുറപ്പെടുമ്പോള്‍ ആരാ മരുന്നുപെട്ടി എട്ക്കാ?" രാമന്‍ നായരുടെ നസ്യം എമ്പ്രാന്തിരിക്ക് തിരിഞ്ഞില്ല.

"അതേലോ! ബഹളം കേട്ട് ഉറക്കുണര്‍ന്നതേ ഇങ്ങോട്ട് വെയ്ക്കയേ ചെയ്തത്. മരുന്നുപെട്ടി എട്ക്കാനൊന്നും നിന്നില്യാ." എമ്പ്രാന്തിരി വിശദീകരിച്ചു.

"അല്ലെങ്കിലും മേലത്ത് വാര്യത്ത് എവിടന്നാ മരുന്നു പെട്ടി?" എമ്പ്രാന്തിരിയ്ക്ക് വാര്യത്ത് ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട് എന്ന് നാട്ടിലുള്ള സംസാരമാണ് രാമന്‍ നായര്‍ എടുത്തിട്ടത്

"ഞാന്‍ തിടപ്പള്ളിലേ കിടന്നത്. എനിക്ക് വാര്യത്ത് എന്താ പോകേണ്ട കാര്യം?" എമ്പ്രാന്തിരി ചൊടിച്ചു

"അത് ശരിയാ. വാരസ്യാര്‍ക്ക് രാത്രി കഴകവും ഇല്ലാലോ!" മറ്റാരോ ഇടയില്‍ തിരുകി.

"ആരാ അത് പറഞ്ഞത്?" എമ്പ്രാന്തിരി ചുറ്റും നോക്കി.

"അതേയ്, ഒരാളിവിടെ മരിക്കാറായി കിടക്കുന്നു. ഒന്നു നിര്‍ത്ത്വോ നിങ്ങടെ പരദൂഷണം?" തലയ്ക്കല്‍ ഇരുന്ന ശങ്കു മേനോന്‍ ശബ്ദം ഉയര്‍ത്തി.

ദൂരെ നിന്ന് ഒരു പന്തത്തിന്റെ വെളിച്ചം കണ്ടുതുടങ്ങി. രണ്ടുമൂന്നാള്‍ക്കാര്‍ നടന്നുവരുന്നു. അടുത്തുവന്നപ്പോള്‍ കളരിക്കുറുപ്പും ദേശത്ത് അധികാരിയും ആയ വേലായുധ പണിക്കരും രണ്ട് വാല്യക്കാരുമാണ്.

"മാറി നില്‍ക്ക്വാ.." പണിക്കര്‍ കൂടി നിന്നവരോട് കല്‍പ്പിച്ചു. എല്ലാവരും ബഹുമാനത്തോടെ വഴിയൊഴിഞ്ഞു. പണിക്കര്‍ അടുത്തുചെന്ന് കിടക്കുന്ന ദേഹം ആപാദചൂഡം ഒന്നു നോക്കി.

"എന്താ ണ്ടായത്?" പണിക്കര്‍ ആരോടെന്നില്ലാതെ ചോദിച്ചു.

"രാമുണ്ണി യജമാനന്‍ ഒരു കള്ളനെയോ മറ്റോ കണ്ടുവത്രേ. ആള്‍ ഓടിപ്പോയി, യജമാനന്‍ ബോധം കെട്ടുവീഴുകയും കഴിഞ്ഞു. കള്ളന്‍ എന്തോ മാട്ടിയതാണെന്നു തോന്നുന്നു." ശങ്കു പറഞ്ഞു.

"എവിടെവെച്ചാണ്"?

"ഇവിടെത്തന്നെ കിഴക്കേ പറമ്പില്".

"ആരെങ്കിലും കാണേണ്ടായോ? വീട്ടിലെ പെണ്ണുങ്ങള്‍ എവിടേ?"

"ലക്ഷ്മി അമ്മയാണ് പറഞ്ഞത്. ബഹളം കേട്ട് ആയമ്മ ജനാലയില്‍ കൂടെ നോക്കിയപ്പോള്‍ ആരോ പയറ്റുന്നത് കണ്ടത്രേ."

"ലക്ഷ്മി എവിടേ? ലക്ഷ്മീ.." വേലായുധ പണിക്കര്‍ നീട്ടി വിളിച്ചു.

ലക്ഷ്മി അമ്മ അകത്തുനിന്നും പ്രത്യക്ഷയായി. അവര്‍ ആചാരമനുസരിച്ച് കതകിന് പകുതി മറഞ്ഞുനിന്നു.

"ലക്ഷ്മി, ഇവടെ എന്താ ണ്ടായത്?" കണ്ണുകളാല്‍ ഒന്ന് ഉഴിഞ്ഞ് നോക്കിക്കൊണ്ട് പണിക്കര്‍ ചോദിച്ചു.

"കിഴക്കിനിയില്‍ ഞാന്‍ കിടക്കുന്ന അറയ്ക്കു വെളിയില്‍ ഒരു ബഹളം കേട്ടു. ജനാല തുറന്നു നോക്കിയപ്പോള്‍ അവര്‍ പയറ്റുന്നത് കണ്ടു." ഒരു ക്ഷീണിച്ച സ്വരത്തില്‍ അവര്‍ പറഞ്ഞു. ഉറക്ക ക്ഷീണവും, ഉല്‍ക്കണ്ഠയും അവരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ആ മങ്ങിയ വെളിച്ചത്തിലും കവിളിലെ വിളര്‍ച്ച നന്നായി കാണാം.

"ആരു പയറ്റുന്നു?" പണിക്കര്‍ ചോദിച്ചു. വൃദ്ധന്റെ കണ്ണുകള്‍ മടങ്ങാന്‍ വിസമ്മതിക്കുന്നു.

"എനിക്കറീല്യാത്ത ഒരാളും, പിന്നെ." അനക്കമില്ലാതെ കിടക്കുന്ന രാമുണ്ണി മേനോനെ ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ഒന്നു മുരടനക്കി.

"രാമുണ്ണി എന്തിനേ ഇവിടേയ്ക്ക് വന്നത്? നെണക്കറിയ്യോ?" പണിക്കര്‍ ചോദിച്ചു. ശബ്ദം സാധാരണപോലെയാക്കാന്‍ മനസ്സിരുത്തിയിരുന്നെങ്കിലും, ചോദ്യത്തിലെ കുസൃതി കേട്ടവര്‍ക്കെല്ലാം മനസ്സിലായി.

"എനിക്കറീല്യാ". ലക്ഷ്മി അമ്മ പറഞ്ഞു. വിളര്‍ത്ത കവിളുകളില്‍ രക്തഛവി പരന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്നെയും മുരടനക്കലുകള്‍ ഉണ്ടായി.

"മറ്റേ ആള്‍ എന്തിനു വന്നു എന്നറിയ്യോ?" പണിക്കര്‍ വിസ്താരം തുടര്‍ന്നു.

"എനിക്കറീല്യാ"

"രാമുണ്ണി വീഴണത് നീ കണ്ടുവോ?"

"കണ്ടു. മറ്റേ ആളേ ആദ്യം വീണത്." പേരു പറയുന്നതിനു പകരം രാമുണ്ണി മേനോനെ ചൂണ്ടിക്കൊണ്ട് അവര്‍ തുടര്‍ന്നു. "അയാളുടെ അടുക്കലേയ്ക്ക് ചെന്നു. എന്താ ണ്ടായെ എന്നറീല്യാ. ബോധം കെട്ടുവീണു." ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന അടക്കിച്ചിരികള്‍ ലക്ഷ്മി അമ്മയെ ഒന്ന് ഇളിഭ്യയാക്കാതിരുന്നില്ല.

"എന്തിനാ ചൂണ്ടിക്കാട്ടണേ? നിനക്ക് ഇദ്ദേഹത്തിന്റെ പേരറീല്യേ?" ഒരു വഴുപ്പന്‍ ചിരിയോടെ പണിക്കര്‍ ചോദിച്ചു. ലക്ഷമി അമ്മയുടെ കണ്ണുകള്‍ ദേഷ്യം കൊണ്ട് തിളങ്ങി.

"നടമേല്‍ രാമുണ്ണി മേനോന്‍. എനിക്കറിയാം." അല്‍പ്പം കടുപ്പിച്ചാണ് ലക്ഷ്മി അമ്മ അതു പറഞ്ഞത്. പണിക്കര്‍ തന്നെ ഒന്നു ഞെട്ടി. മുരടനക്കലുകളും അടക്കിച്ചിരികളും പിടിച്ചുകെട്ടിയപോലെ നിന്നു.

"കള്ളന്‍ താഴെ വിണു. രാമുണ്ണി മേനോന്‍ നോക്കാനായി അടുത്തു ചെന്നു. പെട്ടെന്ന് കള്ളന്റെ മീതെത്തന്നെ വീണു. എന്താ ണ്ടായേന്ന് എനിക്കറീല്യാ. ഞാന്‍ നാരായണിയെ വിളിച്ചു. നാരായണിയാണ് എല്ലാവരേയും വിളിച്ചുകൂട്ടിയത്". തന്നെ വിണ്ടും വീണ്ടും തലോടുന്ന പണിക്കരുടെ കണ്ണുകളെ കണ്ണുകളാല്‍ തടുത്തുകൊണ്ട് ഇളകാത്ത സ്വരത്തില്‍ ലക്ഷ്മി അമ്മ പറഞ്ഞുനിര്‍ത്തി.

"ശരി. നീ പൊയ്ക്കോ." കണ്ണുകളുടെ പയറ്റില്‍ തോറ്റ പണിക്കര്‍ ലക്ഷ്മി അമ്മയെ പറഞ്ഞയച്ചിട്ട് രോഗിയുടെ നേര്‍ക്ക് തിരിഞ്ഞു.

"പാമ്പുകടിച്ചതാവാന്‍ വഴിയില്ല. ഏതായാലും ഒന്നു നോക്കിക്കളയാം." പണിക്കര്‍ വിളക്ക് അടുപ്പിച്ച് പാദങ്ങള്‍ രണ്ടും പരിശോധിച്ചു. അവിടെ പാടുകള്‍ ഒന്നും കണ്ടില്ല. കണങ്കാല്‍ മുതല്‍ നോക്കി മുട്ടിനടുത്തെത്തിയപ്പോള്‍ പണിക്കരുടെ വിദഗ്ധ നേത്രങ്ങള്‍ അതു കണ്ടു. ചുവന്നു നീലച്ച ചതവിന്റെ പാടും എറിച്ചുനില്‍ക്കുന്ന ഞരമ്പും.

"മര്‍മ്മ കുത്താ, മര്‍മ്മ കുത്ത്!" പണിക്കര്‍ വിളിച്ചുപറഞ്ഞു. ഒരു നിശബ്ദത കൂടിനിന്നവരുടെ മേല്‍ പരന്നു. ശങ്കു മേനോന്‍ എഴുന്നേറ്റ് പണിക്കരുടെ അടുത്തേക്ക് ചെന്നു.

"ശരിയായ സ്ഥാനത്തു തന്നെ. അത് ഒരു വെറും കള്ളനല്ല, നിശ്ശ്യം." ശങ്കു പറഞ്ഞു.

"എന്താ ശങ്കൂ? ജാനു ദ്വയിക്ക് മറുകൊട്ട് തോന്ന്വോ നിണക്ക്?" പണിക്കര്‍ ഒരു ചിരിയോടെ ചോദിച്ചു. ശങ്കു കളരിയില്‍ പണിക്കരുടെ ശിഷ്യനാണ്. പഠിപ്പുതികഞ്ഞ് കുറ്റം തീര്‍ത്ത് മര്‍മ്മവിദ്യ വരെ പഠിച്ചിട്ടുണ്ട്.

തങ്ങളെത്തന്നെ നോക്കി നില്‍ക്കുന്ന മുഖങ്ങളെയൊക്കെ ഒന്നു നോക്കിയിട്ട് ശങ്കു തന്റെ മുഖം ഗുരുനാഥന്റെ ചെവിയോടടുപ്പിച്ച് മന്ത്രിച്ചു. "ജാനുദ്വയിക്ക് ഊരുത്രയി". പണിക്കര്‍ പുഞ്ചിരിച്ചു.

"ചെയ്യാന്‍ വെയ്ക്കോ?" ശിഷ്യനെ സ്നേഹത്തോടെ നോക്കി പണിക്കര്‍ ചോദിച്ചു.

"ഗുരുനാഥന്‍ ഇവടേണ്ട്. ചെയ്യേണ്ടത് വെട്ടത്തു തമ്പുരാന്റെ മന്ത്രിയുടെ മേലാണ്. വിവരക്കേട് പൊറുക്കണം. ഗുരുനാഥന്‍ തന്നെ ചെയ്യുന്നതല്ലേ നല്ലത്?" താണുതൊഴുത് ശങ്കു ഉരിയാടി.

വിവേകമുള്ള ശിഷ്യനെ വാല്‍സല്യത്തോടെ ഒന്നു നോക്കി പണിക്കര്‍ രോഗിയുടെ നേര്‍ക്ക് ഒരടിവെച്ചു. അരക്കെട്ടിന്റെ വശത്ത് കുന്തിച്ചിരുന്നുകൊണ്ട്, ശരീരം ഒന്നു ചരിച്ച് പൃഷ്ഠഭാഗം തന്റെ നേരേ തിരിച്ചു. ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന കാണികളുടെ ദൃഷ്ടിയില്‍ നിന്നും കൈകള്‍ മറച്ചുകൊണ്ട് വിരലുകളാല്‍ എന്തോ ഞൊടിച്ചു.

രാമുണ്ണി മേനോനില്‍ നിന്നും ഒരു ദീനരോദനം ഉയര്‍ന്നു. ശ്വാസം ആഴത്തിലും തെരുതെരെയും കിതപ്പുപോലെ ആയി. രോഗിയെ തിരികെ മലര്‍ന്നുകിടക്കാന്‍ വിട്ട് വേലായുധ പണിക്കര്‍ എഴുന്നേറ്റ് നിന്നു. രാമുണ്ണി മേനോന്‍ കണ്ണുതുറന്ന് പകപ്പോടെ ചുറ്റും നോക്കി. വലതുകാല്‍ മുട്ട് വലിച്ച് നെഞ്ചിലേക്കടുപ്പിച്ച് മുറുകെപ്പിടിച്ച് വേദനകൊണ്ട് പിടയാന്‍ തുടങ്ങി.

"ചെറിയ ഏമാന്നേ, വേലായുധ പണിക്കരാണ്. അവിടേക്ക് ഒരു മര്‍മ്മ കുത്തു കിട്ടി. ജാനു ദ്വയി!" പണിക്കര്‍ മന്ത്രിയുടെ മുന്നില്‍ താണു വണങ്ങി.

രാമുണ്ണി മേനോന്‍ വിഷമിച്ച് തലയാട്ടി. എന്നിട്ട് കണ്ണടച്ച് വേദന കടിച്ചമര്‍ത്തി. മനസ്സ് അപ്പോഴും പായുകയായിരുന്നു. ആരാവാം അത്? ജാനു ദ്വയി അറിയുക മാത്രമല്ല ആ കിടപ്പില്‍ ഇരുട്ടില്‍ അത് പ്രയോഗിക്കുവാനും കഴിവുള്ളവന്‍!

അവന്‍ എനിക്ക് ഒത്തവനോ, ഏറ്റവനോ? രാമുണ്ണി മേനോന്‍ അദ്ഭുതപ്പെട്ടു.

1 comment:

  1. ദിലീപെ,
    ഇപ്പഴാ ഇതു കണ്ടെ.
    എങ്ങനെ അന്നത്തെ ഭാഷ
    ഇത്ര സുഖായിട്ട് ഉപയോഗിക്കുന്നു !

    രസിച്ചു.
    അല്ലാ, പരമ്പര നിര്‍ത്ത്യൊ ?
    ഉദ്വേഗപൂര്‍വം,
    120കിഗ്രാന്‍

    ReplyDelete