Tuesday, February 2, 2010

പിഴ

Original Post on BRF

"നെടിയിരിപ്പ് പൂരപ്പുഴയില്‍ ചുങ്കം പിരിക്കണതിന് പൊന്നാനിയില്‍ നിന്ന് ചരക്ക് എടുക്കണ ഇംക്ലീഷുകാര്‍ വിരോധിക്കണതെന്തിനാണ്"? കുഞ്ഞുണ്ണി മേനോന്‍ ചോദിച്ചു.

"നമ്മുടെ കണക്കില്‍ ആണ് ചുങ്കം ചെല്ലുന്നത് എങ്കില്‍, ആവശ്യമില്ല" രാമുണ്ണി മേനോന്‍ ഒന്നു പുഞ്ചിരിച്ചു.

"നമ്മുടെ കണക്കിലല്ലേ വേണ്ടത്?" കുഞ്ഞുണ്ണി മേനോന് പ്രശ്നം മനസ്സിലായില്ല.

"ഇത്രയും കാലം നാം ചരക്ക് പൊന്നാനിയില്‍ എത്തിച്ചത് ചുങ്കം ഇല്യാണ്ടെയാണ്. നെടിയിരിപ്പിലെ വള്ളം ആണ് എന്ന് കണ്ടില്ലെങ്കില്‍ ചുങ്കം കെട്ടാന്‍ പാങ്ങില്യാന്നാവും." രാമുണ്ണി വിശദീകരിക്കാന്‍ ശ്രമിച്ചു.

"ആര്‍ക്ക് പാങ്ങില്യാന്ന്?" കുഞ്ഞുണ്ണി മേനോന്‍ അല്‍പ്പം അക്ഷമനായി. അച്യുത വാര്യരുടെ കഞ്ചാവ് ചേര്‍ത്ത മുറുക്കാന്‍ ഗുണം കാണിച്ചുതുടങ്ങിയിരുന്നു.

"നാട്ടാര്‍ക്ക്. നാം നാട്ടാരെ ഗൗനിക്കണം അമ്മാവാ".

"എന്തു നാട്ടാര്? തമ്പുരാന്‍ തന്നെ നമ്മുടെ കയ്യിലില്ലേ? പിന്നാരെയാണ് ഗൗനിക്ക, രാമുണ്ണി?"

"ചുങ്കം പിരിവ് എല്ലാവരും ദിനസരി കാണുന്ന കാര്യാണ്. നല്ല ഒരു കാരണം പറയാനില്ലാതെ നാട്ടാരെ സമ്മതിപ്പിക്കാന്‍ പാങ്ങില്യ. നാട്ടാര് സമ്മതിക്കാണ്ടെ വള്ളം നീക്കാന്‍ വെയ്ക്കോ?" രാമുണ്ണി മേനോന്‍ തന്‍റെ വാദത്തില്‍ ഉറച്ചു നിന്നു.

"കേള്. രജിമിട്ട് കാര്യക്കാര്‍ ചാത്തര മേനോന്‍റെ സമ്മതം മാത്രേ വേണ്ടൂ. അയാളാണെങ്കില്‍ ഇംക്ളീഷുകാരുടെ വാലാണ്. ഇംക്ളീഷുകാര്‍ക്ക് സമ്മതമെങ്കില്‍ ചാത്തര മേനോനും സമ്മതാവും. ഇംക്ളീഷുകാര്‍ക്ക് വിരോധല്യ, ഉവ്വോ?"

കാരണവര്‍ക്ക് കാര്യം തിരിയുന്നില്ല എന്നു കണ്ടപ്പോള്‍, രാമുണ്ണി മേനോന്‍ വിഷയം അവിടെ വിടാന്‍ നിശ്ചയിച്ചു.

നെടിയിരിപ്പില്‍ ഇപ്പോള്‍ കോയ്മ വിചാരിക്കുന്ന വാരയ്ക്കല്‍ പാറ നമ്പിയുമായി - നെടിയിരിപ്പിലെ മന്ത്രി സ്ഥാനങ്ങള്‍ പാരമ്പര്യമാണ് - ഒരു രഹസ്യ യോഗം കഴിഞ്ഞ് വന്നതേയുള്ളു രാമുണ്ണി മേനോന്‍. നെടിയിരിപ്പിന് സഹിക്കാന്‍ കഴിയാഞ്ഞ ഒന്നായിരുന്നു പൊന്നാനി വഴി വെട്ടം നടത്തിയിരുന്ന വ്യാപാരം. കുരുമുളകും മറ്റ് വ്യഞ്ജനങ്ങളും, പൂരപ്പുഴ വഴി പൊന്നാനിയില്‍ എത്തിച്ച് കപ്പലില്‍ കയറ്റുകയായിരുന്നു പതിവ്. പൊന്നാനിയുടെ തെക്കേ കര നെടിയിരിപ്പില്‍ ചേര്‍ന്നതായിരുന്നു താനും. പൊന്നാനി മുഴുവനും, എന്തിന്, വെട്ടത്തുനാട് മുഴുവന്‍ തന്നെയും, നെടിയിരിപ്പ് അവകാശപ്പെടുന്നത് ഒരു പുതുമയല്ല. കഴിഞ്ഞ യുദ്ധത്തില്‍ കേരള വര്‍മ്മ വിജയം നേടിയതിനു ശേഷം, വടക്കേ കരയിലേക്ക് അങ്ങിനെ ശല്യം ചെയ്യാന്‍ നെടിയിരിപ്പിനായിട്ടില്ല. അതു കൊണ്ടുതന്നെ കച്ചവടം തടസ്സം ഒന്നും കൂടാതെ നടന്നിരുന്നു. കുഞ്ഞുണ്ണി മേനോന്‍റെ സഹായത്തോടെ ഇതു പൊളിക്കാനായിരുന്നു നെടിയിരിപ്പിന്‍റെ ഉന്നം. പൂരപ്പുഴയുടെ മുഖത്ത് ഒരു ചുങ്കപ്പുര കെട്ടി പൊന്നാനി തുറമുഖത്തേക്ക് കടക്കുന്ന വഞ്ചികളോട് ചുങ്കം പിരിക്കാനായിരുന്നു പുറപ്പാട്. കച്ചവടം മുക്കാലും നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് വിരോധമൊന്നുമില്ലായിരുന്നു. വെട്ടത്തെ വഞ്ചികള്‍ ചുങ്കം കൊടുക്കുന്നതിന് അവര്‍ക്ക് നഷ്ടമെന്ത്? വെട്ടത്തുനാടിനു മാത്രമായിരുന്നു ഇതില്‍ നഷ്ടം. പക്ഷേ അതു തന്നെയായിരുന്നു കുഞ്ഞുണ്ണിമേനോന്‍ ഇടപെടാന്‍ കാരണവും.

"ഇവിടെക്ക് നൂറ്റിന് ഏഴു വാശി തരാം എന്നാണ് നമ്പി പറഞ്ഞത്, അമ്മാവാ". കാരണവര്‍ക്ക് പിടിക്കുന്ന ഒന്നിലേക്ക് രാമുണ്ണിമേനോന്‍ വിഷയം മാറ്റി.

"എന്‍റെ കുട്ടാ. അതു പോരാ എന്ന് നിനക്കു തന്നെ അറിയാവുന്നതല്ലേ? ആ ആയിരത്തെഴുനൂറ് പറ നിലത്തിന്‍റെ കാര്യം നീ പറഞ്ഞില്ലേ? അതല്ലേ നമുക്കു മുഖ്യം?"

യുദ്ധം കഴിഞ്ഞ് കരാറായപ്പോള്‍, നെടിയിരിപ്പിന്‍റെ വകയില്‍ പെട്ടുപോയ കുറെയധികം നിലങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ ആയിരത്തിഎഴുന്നൂറ് പറയ്ക്ക്, കുഞ്ഞുണ്ണി മേനോന് കൈവിട്ടു പോയിരുന്നു. തീപ്പെട്ട വലിയ തമ്പുരാന്‍, കേരള വര്‍മ്മ, ഒന്നുകില്‍ വെട്ടത്തേക്ക് അടങ്ങി കഴിയാനോ, അല്ലെങ്കില്‍ നെടിയിരിപ്പിലേക്ക് പൊയ്ക്കൊള്ളാനോ, മുറിഞ്ഞ് കല്‍പ്പിച്ചപ്പോഴാണ് ആക്കവും തൂക്കവും നോക്കി, കുഞ്ഞുണ്ണി മേനോന്‍ വെട്ടത്തു തന്നെ നിന്നത്. പക്ഷേ, കൈവിട്ട് പോയതിനെ മേനോന്‍ ഒരിക്കലും മറന്നില്ല. നെടിയിരിപ്പ് ആ നിലം മന്ത്രിയായ ധര്‍മോത്ത് പണിക്കര്‍ക്ക് ചാര്‍ത്തുകയും ചെയ്തു.

ഇത് അല്‍പ്പം പ്രശ്നം ഉണ്ടാക്കാതിരുന്നില്ല. ഗൂഢാലോചനയില്‍ കുഞ്ഞുണ്ണി മേനോന്‍ ചേരാന്‍ തന്നെ കാരണം ആ നിലം വീണ്ടെടുക്കുക എന്നതായിരുന്നു. പക്ഷെ ചാര്‍ത്തിയ ഭൂമി തിരിച്ചെടുക്കാന്‍ നെടിയിരിപ്പു സ്വരൂപത്തിനും കഴിയുമായിരുന്നില്ല. ധര്‍മോത്ത് പണിക്കര്‍ അല്‍പ്പം ഇടം തിരിഞ്ഞ് നില്‍ക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഒരു സമയത്ത്, ആ ആയിരത്തിഎഴുനൂറ് പറയ്ക്കു പകരം, അതിന്‍റെ മൂന്നിരട്ടി പൊക്കാളിപ്പാടം തരാം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും ഉണ്ടായി.

ആ കല്‍പ്പന അറിയിച്ചപ്പോള്‍ ഉണ്ടായ കുഞ്ഞുണ്ണിമേനോന്‍റെ പ്രതികരണം ഓര്‍ത്താല്‍ രാമുണ്ണി മേനോന്‍ ഇപ്പോഴും നടുങ്ങും. ദിഗന്തം കിടുങ്ങുന്ന ഒരു ആട്ടായിരുന്നു അത്. കഞ്ചാവ് മണക്കുന്ന മുറുക്കാന്‍ തുപ്പലില്‍ ഒരു സര്‍വ്വാംഗാഭിഷേകവും അന്ന് തരമായി. അതിനു ശേഷം ഒന്നു കരുതിയേ രാമുണ്ണി മേനോന്‍ കാരണവരോട് ഇടപടാറുള്ളൂ. ചാര പ്രമുഖന്‍, തമ്പുരാന്‍റെ ഉറ്റചങ്ങാതി, മുതലായ സ്ഥാനങ്ങളൊന്നും കുഞ്ഞുണ്ണി മേനോന്‍ വകവെച്ചിരുന്നില്ല. രാമുണ്ണിയെ, താന്‍ വളര്‍ത്തി വലുതാക്കിയ ഒരു ആശ്രിതനായേ അയാള്‍ കണ്ടിട്ടുള്ളൂ.

പുറത്ത് പറമ്പില്‍ നിന്നും കേട്ട ബഹളം രണ്ടുപേരെയും ഒന്നിളക്കി. ഒരു പട്ടിയുടെ മോങ്ങലും, പിന്നെ അത് ഓടിപ്പോയതിന്‍റെ ശബ്ദവും ആണ് കേട്ടത്. ഒരു നിമിഷത്തില്‍ രാമുണ്ണി ചാടിയെഴുന്നേറ്റ് ജനാലയ്ക്കലേക്ക് കുതിച്ചു. പാളി മുഴുവനും തുറന്ന് പുറത്തെ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് നിലയായി.

"എന്താ രാമുണ്ണി? ഒരു പട്ടിയാന്നു തോന്നണല്ലോ". കുഞ്ഞുണ്ണി മേനോന്‍ തിരക്കി.

"പട്ടി തന്നെ. മോങ്ങിക്കൊണ്ട് ഓടിപ്പോയി" കാരണവരുടെ മുമ്പില്‍ സാധാരണ കാണായത്ത ഒരു ഘനം ശബ്ദത്തില്‍ ഉണ്ടായിരുന്നു.

"ഓടിപ്പോയി. അതിനെന്താ?" കാരണാവര്‍ക്ക് ഒന്നും മനസ്സിലായില്ല.

"ഭയപ്പെട്ടാണ് ഓടിയത്." രാമുണ്ണിക്ക് അല്‍പ്പം ചുണച്ചു. ശ്രദ്ധയും ഏകാഗ്രതയും ആണ് ഇപ്പോള്‍ ആവശ്യം.

"വല്ല പാമ്പിനെയോ മറ്റോ കണ്ടുകാണും." കുഞ്ഞുണ്ണിമേനോന് അത് സാരമായി തോന്നിയില്ല. ഗുരുത്വമൊക്കെ മറന്ന് മിണ്ടാതിരി എന്ന് അലറാനാണ് രാമുണ്ണിയ്ക്ക് തോന്നിയത്. പക്ഷേ മിണ്ടാതെ വെളിയിലെ ഇരുട്ടിലേക്ക് കണ്ണും കാതും കൊടുത്ത് നിന്നതേയുള്ളു.

"ഒരു വിളക്ക് എടുത്ത് നോക്ക്വാ." കുഞ്ഞുണ്ണി മേനോന്‍ നിര്‍ദ്ദേശിച്ചു. രാമുണ്ണി അതിനും ഒന്നും മറുപടി പറഞ്ഞില്ല.

"പറഞ്ഞത് കേട്ടില്ലേ, കുട്ടാ. വിളക്ക് എടുത്ത് നോക്കൂ." പ്രായത്തില്‍ ഇളയവര്‍ മറുപടി പറയണം എന്ന് ഒരു അലിഖിത നിയമം അക്കാലത്ത് ഉണ്ടായിരുന്നു. രാമുണ്ണിയുടെ മൗനം കാരണവരെ ചൊടിപ്പിക്കാന്‍ കാരണം മറ്റൊന്നല്ല.

രാമുണ്ണി മേനോന്‍ മുഖം ജനാലയ്ക്കല്‍ നിന്ന് പിന്തിരിച്ച് കാരണവരെ നോക്കി.

"അമ്മാവാ, വിളക്കുകാട്ടി നോക്കിയാല്‍ ദൂരെ കാണില്ലാ. ഞങ്ങള്‍ ചാരന്‍മാര്‍ക്ക് കണ്ണും കാതും സൂക്ഷ്മാണ്. ഒരു വിനാഴിക ഒന്നു മിണ്ടാതിരിക്കാമോ? പുറത്ത് ആരെങ്കിലും ഉണ്ടോ എന്നു നോക്കട്ടെ".

കുഞ്ഞുണ്ണി മേനോന്‍ ഒന്നമ്പരന്നു. വളച്ചുകെട്ടില്ലാതെ കാര്യം കേട്ടപ്പോള്‍ കുറച്ചു നാണവും തോന്നി. സമ്മത ഭാവത്തില്‍ തലയാട്ടി കാരണവര്‍ മിണ്ടാതിരുന്നു. രാമുണ്ണി മേനോന്‍ ജനാലയ്ക്കലേക്ക് തിരിച്ചും പോയി.

ഇതിനിടയില്‍, പുറത്തുനിന്ന് കുറച്ചുകൂടി അനക്കം കേള്‍ക്കുകയുണ്ടായി. രാമുണ്ണി ജനാലയ്ക്കല്‍ തിരിച്ചെത്തുന്നതിനു മുന്‍പുതന്നെ എല്ലാം നിശ്ശബ്ദമായി. വിവരമില്ലാത്ത വയസ്സനെ ശപിച്ചുകൊണ്ട് രാമുണ്ണി മേനോന്‍ ഒരു പത്തു വിനാഴിക അവിടെത്തന്നെ നിന്നു. വിശേഷിച്ച് ഒന്നും ഉണ്ടാകാത്തതുകൊണ്ട് തിരിച്ച് പത്തായപ്പെട്ടിയുടെ അടുക്കലേക്ക് തന്നെ വന്നു.

"എന്തെങ്കിലും കണ്ടോ?" ശ്വാസം പിടിച്ച് ഇരുന്നിരുന്ന കുഞ്ഞുണ്ണി മേനോന്‍ ചോദിച്ചു.

"ഇല്ല. ഒന്നും ഇല്ലാന്ന് തോന്നണു". കൂടുതല്‍ പറഞ്ഞ് സമയം കളയണമെന്ന് രാമുണ്ണിക്ക് ഇല്ലായിരുന്നു.

"എനിക്ക് ഉറക്കം വരുന്നു. രാമുണ്ണി പോയി ഉറങ്ങാന്‍ നോക്കൂ." കുഞുണ്ണി മേനോന്‍ ഒരു കോട്ടുവായ അമര്‍ത്തിക്കൊണ്ട് പറഞ്ഞു. "എന്നേയ്ക്കാണ് വെട്ടത്തേക്ക് പുറപ്പാട്?"

"നാളെത്തന്നെ" രാമുണ്ണി കാരണവരോട് വിടവാങ്ങി.

No comments:

Post a Comment