Monday, January 25, 2010

മന്ത്ര സഭാ യോഗം

Link to Original post on BRF

മന്ത്ര സഭ നിറഞ്ഞിരുന്നു. മന്ത്രിമാര്‍ എല്ലാവരും, അതായത് തലച്ചെന്നവരും ചാര പ്രമുഖനും, അയാളെപ്പറ്റിയാണല്ലോ ഇന്നത്തെ യോഗം തന്നെ, ഒഴിച്ചുള്ളവര്‍ ഹാജരായിരുന്നു. സ്ഥാനത്തിന്റെ ഗരിമയോര്‍ത്ത് സംസാരം പൊതുവേ പിറുപിറുപ്പില്‍ ഒതുങ്ങി.കൂട്ടത്തില്‍ പ്രായം ചെന്ന കോയ്മ ശങ്കരന്‍ നായരുടെ ഓര്‍മ്മയില്‍ പോലും സ്വരൂപത്തില്‍ ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. എന്തു ചെയ്യണം എന്ന് ആര്‍ക്കും ഒരു രൂപവും ഇല്ല. 'ആയതു നന്നായി' എന്നു പലര്‍ക്കും വിചാരം ഉണ്ടായിരുന്നെങ്കിലും, അതു മനസ്സില്‍ തന്നെ ഒതുങ്ങിയതേ ഉള്ളു

"എനിക്കു തോന്നുന്നത്, നെടിയിരിപ്പിന്റെ കൈ തന്നെയാണ്‌ എന്നാണ്". പടനായ്ക്കന്‍ കോമക്കുറുപ്പ് അടുത്തിരിക്കുന്ന രായസം ശങ്കു വാര്യരോടു പറഞ്ഞു. കോമക്കുറുപ്പിന്റെ ജീവിതം മുക്കാലും നെടിയിരിപ്പിനോടു പടയ്ക്കൊരുങ്ങിയും പടവെട്ടിയും കഴിഞ്ഞതാണ്‌.ആ സ്വരൂപത്തോട് പടനായ്ക്കന്റെ സ്ഥായി പ്രസിദ്ധവുമാണ്‌.

"നെടിയിരിപ്പിനു രാമുണ്ണിയോട് ക്ഷാത്രം തോന്നാന്‍ കാരണമില്ല. കുറുപ്പവരെ ആണ്‌ കാണാതായത് എങ്കില്‍, ഞാന്‍ തന്നെ നെടിയിരിപ്പിനെ സംശയിച്ചേനേ." രായസത്തിന്റെ നസ്യം നന്നായി ബോധിച്ചതുകൊണ്ട് കുറുപ്പ് അതു ചിരിച്ചു തള്ളി. എന്നിട്ട് പ്രശ്നം വാര്യരുടെ കളത്തിലേക്കുതന്നെ തട്ടി.

"പിന്നെ ആരാന്നാണ്‌ ഇവിടുത്തെ മനസ്സില്‍?"

"ചോദിക്കാനുണ്ടോ? ഇംക്ലീഷ് കമ്പനിക്കാര്‍ തന്നെ." രായസത്തിന് ആ കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

"അതെന്താണാവോ അങ്ങനെ തോന്നാന്‍?" കുറുപ്പു ചോദിച്ചു.

"ആവോ! മ്ളേഛന്മാര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ?" ശങ്കു വാര്യര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. തുളച്ചു ചോദിച്ചാല്‍ ഉറച്ചു പറയാന്‍ ഒന്നും മൂപ്പരുടെ കയ്യില്‍ ഇല്ലായിരുന്നു. അതു കുറുപ്പിനും അറിയാം.

എന്താണ്‌ മ്ളേഛന്മാര്‍ ചെയ്തത്? രജിമിട്ട് കാര്യക്കാര്‍ ചാത്തര മേനോന്‍ ഇടയ്ക്കു കയറി.

രായസം അവര്‍കള്‍ പറയുന്നത് രാമുണ്ണിയുടെ കാര്യത്തില്‍ ഇംക്ളീഷ് മ്ളേഛന്മാര്‍ക്ക് കയ്യുണ്ടെന്നാണ്‌. ചാത്തര മേനോന്‍ വന്നു ചാടിയതില്‍ കുറുപ്പിന്‍ സന്തോഷമായി. രജിമിട്ട് കാര്യക്കാര്‍ക്ക് ഇംഗ്ളീഷുകാരുമായി നല്ല അടുപ്പമുണ്ട്. കുരുമുളകും മറ്റു കച്ചവട സാധനങ്ങളും പൊന്നാനി തുറയില്‍ അടുപ്പിച്ചു കൊടുക്കുന്നത് കാര്യക്കാരുടെ ചുമതലയില്‍ ആണ്.

"ജാതിയില്‍ മ്ളേഛന്മാരാണെങ്കിലും ഇംക്ലീഷ് കമ്പനിക്കാര്‍ കൊള്ളാവുന്നവരാണ്‌. അവര്‍ ഇങ്ങനെയുള്ള പണിക്കൊന്നും പോവില്യ." ചാത്തര മേനോന്റെ ശബ്ദത്തില്‍ അല്‍പ്പം ഉല്‍സാഹം കൂടിയത് കുറുപ്പും വാര്യരും കുറിക്കാതിരുന്നില്ല.

"രജിമിട്ട് കാര്യക്കാര്‍ക്ക് കാര്യങ്ങള്‍ നല്ലോണം അറിയാവുന്നതല്ലേ!. സ്ഥിരമായി ഇടപാടുള്ളതാണല്ലോ." കൊത്തുവാള്‍ കുമാരന്‍ നായരും കൂട്ടത്തില്‍ ചേര്‍ന്നു

"അതേ! അവര്, കച്ചവടക്കാര്. അവരോട് ഇടപെടാനാണ്‌ തമ്പുരാന്‍ എനിക്കു തീട്ടൂരം തന്നതും, അനുഭവം അളക്കുന്നതും." പടനായ്ക്കന്റെ ഒളിക്കൈ ആദ്യമായല്ലാ ചാത്തര മേനോന്‍ കാണുന്നത്.

"പിന്നെ ബ്രാഡ്‌ലീ സായ്പ് ഇനാം തന്ന ആനക്കൊമ്പ് കെട്ടിയ ചെല്ലപ്പെട്ടിയും. അല്ലേ". കൊത്തുവാള്‍ കുമാരന്‍ നായരുടെ ശബ്ദത്തിലെ ഘനം കൂടി.

"ബ്രാഡ്‌ലീ സായ്പ് തന്നത് ഞാന്‍ അപ്പോഴേ തിരുമുമ്പില്‍ കാണിക്ക വെയ്ക്കയേ ചെയ്തത്. തമ്പുരാന്‍ അത് എനിക്കു തന്നെ കല്പ്പിച്ച് സമ്മാനിക്കുകയും ചെയ്തു. ഇതാ, കോയ്മ സാക്ഷി!"

"അതു നേരാണ്." ശങ്കരന്‍ നായര്‍ സമ്മതിച്ചു. "ഞാനും തിരുമുമ്പില്‍ ഉണ്ടായിരുന്നു. ബ്രാഡ്‌ലീ സായ്പ് തിരുമുല്ക്കാഴ്ച വെച്ചത് തമ്പുരാന്‍ കാര്യക്കാര്‍ക്ക് കല്പ്പിച്ചു കൊടുത്തതു തന്നെയാണ്."

"പൊരുള്‍ പോകുന്നിടത്ത് പുണ്യം. അല്ലേ?" എല്ലാം കേട്ടിരുന്ന മേനോക്കി അപ്പുണ്ണി കൈമള്‍ പറഞ്ഞു.

"മേനോക്കിഎന്താണ്‍ ഉദ്ദേശിച്ചത്?" ചാത്തര മേനോന്‍ അല്പ്പം ഉരത്ത് ചോദിച്ചു.

"ഞാന്‍ ഒന്നും ഉദ്ദേശിച്ചിട്ടല്ലേ! പൊന്നൊടയതേ! ഒരു പഴഞ്ചൊല്ല്‌ പറഞ്ഞൂന്നേ ഉള്ളേ". പ്രായം കൊണ്ട് ഇളയതായ അപ്പുണ്ണി കൈമള്‍ പിന്മാറി.

പിറുപിറുക്കല്‍ പെട്ടെന്നു നിന്നു. കോലായയിലൂടെ രാമ പണിക്കരുടെ രൂപം പതുക്കെ നടന്നു വരുന്നത് കണ്ട്, തമ്പുരാന്റെ എഴുന്നള്ളത്ത് ഉടനെ ഉണ്ടാകും എന്ന്മനസ്സിലാക്കിയ മന്ത്രിമാര്‍ വായില്‍ കിടന്ന മുറുക്കാന്‍ തുപ്പുകയും, മുണ്ട് ശരിയാക്കുകയും ചെയ്യുന്ന ബഹളത്തില്‍ മുഴുകി. എല്ലാവരും തങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ എഴുന്നള്ളത്തും പ്രതീക്ഷിച്ച് നിശ്ശബ്ദരായി നിന്നു.

രാമ പണിക്കര്‍ വാതില്‍ പടിയില്‍ തന്റെ വാതക്കാല്‍ ഒന്ന് ഇടഞ്ഞത് വകവയ്ക്കാതെ അകത്തു കയറി. വായില്‍ മുറുക്കാന്‍ ഉണ്ടായിരുന്നില്ലെങ്കിലും ആവശ്യത്തിലധികം ശബ്ദ ഘോഷത്തോടെകോളാമ്പിയില്‍ തുപ്പി, മുഖം തുടച്ച്, തന്റെ സ്ഥാനത്ത് പോയി നിന്നു.

അല്‍പ്പ സമയത്തിനകം, രവി വര്‍മ്മ വലിയ തമ്പുരാനും, ആദിത്യ വര്‍മ്മ ഇളയ തമ്പുരാനും പ്രവേശിച്ചു. മന്ത്രിമാര്‍ ആചാര പ്രകാരം താണു തൊഴുതു. തിരുമേനിമാര്‍ ഇരുന്നതിനു ശേഷം മന്ത്രിമാരും, തങ്ങളുടെ സ്ഥാനങ്ങളില്‍, കസവു നെയ്ത മെത്തപ്പാകളില്‍ ഇരുന്നു.

No comments:

Post a Comment